About Us

                              കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് .19-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കുടിപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1928 - ല്‍ നാലാം തരാം വരെയുള്ള ഒരു എലിമെന്ററി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടു ദാശാബ്ദകാലത്തോളം ഈ നിലയില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര്യലബ്ധിയോടെ യു.പി. സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.തുടക്കം മുതലേ പ്രഗല്‍ഭരും പണ്ഡിതരുമായ അധ്യാപകരാല്‍ അനുഗ്രഹീതമായ സ്ക്കൂള്‍ പതുക്കെ ചാവശേരിയുടെ സാമൂഹിക സാംസ്കാരിക കേന്ദ്രം കൂടിയായിത്തീര്‍ന്നു.സ്ക്കൂളിന്റെ വടക്കുഭാഗത്ത് കോട്ടയം രാജാക്കന്മാരുടെ പടിഞ്ഞാറെ കോവിലകവും കിഴക്കുഭാഗത്ത് ബ്രിട്ടീഷ്‌പട്ടാള ക്യാമ്പും സ്ഥിതിചെയ്തിരുന്നു എന്നുള്ളത് യാദൃശ്ചികമാവാം. സ്ക്കൂള്‍കൊമ്പൌണ്ടിന്റെ തൊട്ടടുത്തായി ഗവണ്മെന്റ് അധീനതയിലുള്ള സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത് പട്ടാളസ്ഥലമെന്നും പഴശ്ശിയുടെ കുടുംബവസതി നിന്നിരുന്ന സ്ഥലം 'കൊട്ടാരം' എന്നുമാണ്. അത് കൊണ്ട് തന്നെ ഈ പ്രദേശവും സ്ക്കൂളും ചരിത്രവുമായി ഇഴചേര്‍ന്നുകിടന്നിരുന്നു എന്നു ഊഹിക്കാം.
ഏറെക്കാലത്തെ കാത്തിരിപ്പിനും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷം 1980-ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന് ഇതൊരു പുത്തനുണര്‍വ്വ് നല്‍കിയെങ്കിലും ഒട്ടേറെ ഭൌതിക പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയായിരുന്നു ഏറെക്കാലം ഈ വിദ്യാലയം. എസ്‌ എസ്‌ എ യുടെയും ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി ഭൌതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.1996 -ല്‍ ഹയര്‍സെക്കന്ററിസ്ക്കൂളായി ഉയര്‍ത്തപ്പെട്ട ഈ സര്‍ക്കാര്‍വിദ്യാലയത്തിലെ എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു പരീക്ഷാഫലങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ടു. ഒന്നുമുതല്‍ +2 ക്ലാസ്സുവരെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും 85 ഓളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്. കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എയുടെയും സ്റ്റാഫിന്റെയും നാട്ടുകാരുടെയും വെല്‍ഫെയര്‍ കമ്മിറ്റിയുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും നിര്‍ലോഭമായ സഹകരണത്താല്‍ ഈ വിദ്യാലയം ഇനിയും നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന പ്രത്യാശിക്കുന്നു.

No comments:

Post a Comment