Sunday 18 December 2011

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല മലയാളം പദ്യരചന മത്സരം ഒന്നാം സ്ഥാനം : ഹംസ എം പി ജി എച് എച് എസ്‌ എസ്‌ ചാവശ്ശേരി

വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല മലയാളം പദ്യരചന മത്സരത്തില്‍ 
ശ്രീ ഹംസ എം പി    ജി എച് എച് എസ്‌ എസ്‌  ചാവശ്ശേരി
ഒന്നാം സ്ഥാനം നേടിയ കവിത                   
നിലവിളിയുടെ തീവണ്ടികള്‍ 
നിലവിളികള്‍ ആരംഭിക്കുന്നത് 
നനഞ്ഞ രക്തങ്ങളില്‍ നിന്നാണ് 
പിന്നയത് ചോരച്ചാലിലൂടെ
കൂകിയാര്‍ത്ത്  നീങ്ങും 
തീവണ്ടികള്‍ക്കും കിനാക്കളുണ്ട്‌
വിശപ്പിന്റെ തീയണക്കാന്‍ 
സ്വപ്നം കണ്ടവള്‍ 
മിന്നുകെട്ടുന്ന മണവാളന്റെ 
മാറിടം ഓര്‍ത്തവള്‍
ജനനിയുടെ ദുഖം തോര്‍ത്താന്‍ 
പുത്തന്‍ കൈലേസ്  വാങ്ങിയവള്‍
ഈ ദുരിത കാഴ്ച്ചയില്‍ പിന്നെ 
എപ്പോഴാണ് ഒരു ഒറ്റക്കൈയ്യന്‍ 
ക്രൌര്യം കടന്നു വന്നത് 
തീവണ്ടികള്‍ പിന്നിടുന്നത് 
കാലാന്തരങ്ങളെയാണ്
അതില്‍ , മുല്ലപൂവിന്റെ സുഗന്ധങ്ങള്‍ 
വിപ്ലവമായി അലയടിക്കുന്നുണ്ട് 
ശരീര ഭൂമികയുടെ നീലപ്പായലുകള്‍
ദുഃഖ ശ്രുതികള്‍ മീട്ടുന്നുണ്ട് 
വേദമോതുന്ന വിശുദ്ദ ചെകുത്തന്മാരെ 
വേടിവെച്ചിടുന്ന
മരുഭൂമിയുടെ സുവിശേഷമുണ്ട് 
കറുത്ത ഷൈലോക്കുമാരെ 
പ്രതിക്കൂട്ടില്‍ കയറ്റാനുള്ള 
ചങ്കൂറ്റമുണ്ട്
ഇരകളെ പ്രതിക്കൂടിലിട്ടു 
കോടതി കളിക്കുന്ന ' ഉന്മാദികളെ '
തൂക്കില്‍ ഏറ്റാനുള്ള 
ആജ്ഞാശക്തിയുണ്ട് 
ഏകാധിപതികള്‍ക്കുനേരെ 
വിശന്ന വയറിന്റെ 
കൊടും ആക്രോശമുണ്ട്‌
തീവണ്ടികള്‍ പിന്നെയും 
നിലവിളിച്ചു നീങ്ങുകയാണ് 
ഒറ്റ കൈകളില്‍ ലിംഗംങ്ങള്‍ പൂക്കുന്നു 
പുഞ്ചിരികളില്‍ ദുരഷ്ടകള്‍ 
അധിനിവേശമേറ്റുന്നു
നിലവിളികള്‍ വായില്‍ 
കുരുങ്ങിയൊഴിയുന്നു
അതിരാത്രങ്ങളിലും 
കിളുന്നു മാംസത്തിനവര്‍ 
ഇലയിട്ടിരിക്കുന്നു 
സമാന്തര രേഖകള്‍ 
ചാവുകടലില്‍ പതിക്കുന്നു 
ഋതു രക്തങ്ങളില്‍ 
ചക്രങ്ങള്‍ ഉരഞ്ഞിടുന്നു
ഇനി ,
      നമ്മുടെ കിടാത്തികള്‍ക്ക് 
'സൌമ്യ'ത നല്‍കാതിരിക്കുക 
നഖങ്ങളില്‍ രൌദ്രതയേകുക
നാവുകളില്‍ തേറ്റയേറ്റുക
വചനങ്ങളില്‍ തീയേകുക
ആലിംഗനങ്ങളില്‍
ധൃതരാഷ്ട്രരാകുക 
പൂതനയുടെ വിഷമേറ്റുക
കണ്ണുകളില്‍ ദഹനരസമേകുക 
നാവുകളെ വാണികളാക്കുക
നിലവിളികളെ സാക്ഷയിട്ടകറ്റുക
നിലാവെളിച്ചങ്ങളെ എതിരേല്കുക